Tuesday 13 december 2011
2
13
/12
/Dec
/2011
11:50
"എനിക്കൊരു വ്യക്തിത്വം ഉണ്ടായിരുന്നു, വ്യക്തിത്വം. ഞാന്‍ നിങ്ങളുടെ കുടുംബത്തില്‍ ഒരു അംഗമായി വന്നുചേര്‍ന്നത്, ചില വിഡ്ഢികളുടെ
തെറ്റായ തീരുമാനത്തിന്‍റെ ഫലം തന്നെയാണ്. സമ്പന്നനായിരുന്ന ഞാന്‍ നിങ്ങളുടെ ചെറ്റക്കുടിലില്‍ വന്നു ചേര്‍ന്നതോര്‍ത്ത്
ഞാന്‍ ഇന്ന് നാണം കേട്ട് തലകുനിക്കുന്നു. എന്‍റെ വീട് നിങ്ങളുടെ ചെറ്റപ്പുരയെക്കാള്‍ മനോഹരമായിരുന്നു. നിങ്ങളൊക്കെ ഗോതമ്പിനു പകരം ഒരു കുപ്പി വെള്ളം കൊടുത്തു കച്ചവടവും നടത്തി, മൃഗങ്ങളെപ്പോലെ ജീവിച്ചിരുന്നപ്പോള്‍, ഞാന്‍
സ്വര്‍ണം കൊണ്ടും, വെള്ളികൊണ്ടും നാണയങ്ങള്‍ ഉണ്ടാക്കി, അത് കൊണ്ട് വിനിമയം നടത്തി പോന്നു.
അതും കപ്പല്‍ കയറി അന്യ രാജ്യത്തു പോയി അവിടെ ഞാന്‍ കച്ചവടം നടത്തി. ഞാന്‍ ആരുടേയും കീഴിലല്ല ജീവിച്ചത്. ഇവിടെ എന്നെപ്പോലെ പലര്‍ ഉണ്ടായിരുന്നെങ്കിലും ഞങ്ങളുടെ ഭാഷ ഒന്നായിരുന്നു. അല്ലാതെ നിങ്ങളെ പോലെ ആയിരം ഭാഷയും നൂറായിരം ഗോത്രങ്ങളും ഞങ്ങള്‍ക്കില്ലായിരുന്നു. എന്‍റെയും
നിങ്ങളുടെയും കുടുംബങ്ങള്‍ക്കിടയില്‍ ദൈവം വെറുതെയല്ല ഒരു പര്‍വതം കൊണ്ടുവെച്ചത്.
ഞാന്‍ ഇന്നും വിശ്വസിക്കുന്നു, നിങ്ങളുടെ കൂടെ ചേര്‍ന്നത്, എന്‍റെ പൂര്‍വികര്‍ തലമുറകളോട് ചെയ്ത കുറ്റം. ആക്രമിക്കാന്‍ വന്ന യവനനെ, തലയില്‍ നെയ്യൊഴിച്ച് നഗ്നനായി
നഗരത്തിലൂടെ നടത്തിയ പാരമ്പര്യം എനിക്കുണ്ട്. ഞാന്‍ ആരുടേയും കീഴിലല്ല ജീവിച്ചത്. ആക്രമിക്കാന്‍ വന്ന വെള്ളക്കാരനെ തറ പറ്റിച്ചവന്‍ ഞാന്‍.
ഒരു രണ്ടായിരം വര്‍ഷം മുന്‍പ് നിങ്ങള്‍ കപ്പല്‍ എന്ന് കേട്ടിടുണ്ടോ? അത് കണ്ടിട്ടുണ്ടോ, മൂന്ന് നേരം ഭക്ഷണം കഴിച്ചിരുന്ന, സാഹിത്യത്തിലും കലയിലും
സംസ്കാരത്തിലും സമ്പന്നമായിരുന്ന എന്‍റെ കുടുംബത്തെ ദുഷ്ടലാക്കോട് കൂടിയല്ലേ നിങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. എന്‍റെ ബുദ്ധിയും സമ്പത്തും നിങ്ങള്‍ക്ക് വേണം അല്ലെ, എന്നാല്‍
എന്‍റെ ജീവനും സ്വത്തിനും ഒരു വിലയും ഇല്ല അല്ലെ?. എന്‍റെ കൊയ്ത്തു പാട്ടും, ഭാഷയും നിങ്ങള്‍ പരിഹസിക്കുമ്പോള്‍, നാവു വളച്ചു ഞാന്‍
ചൊല്ലുന്ന എന്‍റെ ഭാഷയെ നിങ്ങള്‍ പരിഹസിക്കുമ്പോള്‍, എന്‍റെ ഉള്ളില്‍ പുകയുന്ന പകയുടെ കനലുകള്‍ നിങ്ങള്‍ കാണാതെ പോകുന്നു. ഞാന്‍ ഇന്നും പറയുന്നു, എന്‍റെ ഉള്ളില്‍ ആത്മാഭിമാനം ഉണ്ട്. സ്വന്തം കാലില്‍
നില്‍ക്കാനുള്ള ശക്തിയും, കഴിവും, കരുത്തും ഉണ്ട്. ഞാന്‍ നിങ്ങളോട് ചേര്‍ന്നപ്പോള്‍ എണ്ണ വെള്ളത്തില്‍ വീണപോലെ എന്ന് പറഞ്ഞവരോട് ഇന്ന് എനിക്ക് ബഹുമാനം.
എന്‍റെ കുടുംബത്തില്‍ അതിഥിയായി വന്നു എന്‍റെ കുടുംബം ഒരു ഭ്രാന്താലയം എന്ന് വിളിച്ചുപറഞ്ഞ ബുദ്ധിരാക്ഷസന്‍മാരോട് ഒരു മറുപടി.
നിങ്ങളുടെതാണ് ഭ്രാന്താലയം. എന്‍റെ ഉള്ളില്‍ പുകയുന്ന കനലുകളുടെ കൂമ്പാരം ഒരു അഗ്നിയായി നിങ്ങളെ ദഹിപ്പിക്കാതിരുന്നെങ്കില്‍, എന്ന് ഞാന്‍
ആശിക്കുന്നു. കാരണം എനിക്കൊരു സംസ്കാരമുണ്ട്. സമ്പ്രദായങ്ങള്‍ക്കപ്പുറത്ത് ജീവന് വില കൊടുക്കുന്ന സംസ്കാരം.
വീണ്ടും പഴയതുപോലെ പര്‍വതങ്ങള്‍ക്കും സമുദ്രങ്ങള്‍ക്കും ഇടയില്‍ പഴയ പെരുമയോടെ സ്വതന്ത്രനായി ജീവിക്കാന്‍ ഞാന്‍ കൊതിക്കുന്നു.
നീലാംബരി.
By നീലാംബരി
-
Posted in: ചെറുകഥകള്‍
0
പുതിയ കമന്റുകള്‍