Tuesday 29 november 2011
2
29
/11
/Nov
/2011
11:55
പൊടിപിടിച്ചതാം പുസ്തകത്താളിന്നിടയിലൂടീ
കൈകള്‍ വെറുതെ പരതിനടക്കുന്നു.
വിദ്യ നേടുവാന്‍ ജ്ഞാനിയായ്ത്തീരുവാന്‍
ഗുരു നാഥന്‍ നല്‍കിയീ പഴഞ്ചന്‍ പുസ്തകം.
എത്ര കൈമറിഞ്ഞതീ പുസ്തകം, അറിയില്ല.
ആദ്യമായ് പുസ്തകം തുറന്നപ്പോള്‍ കണ്ടുഞാന്‍
കുനുകുനെ കുറിച്ചോരാ വരികള്‍,
"രശ്മിക്ക്, സ്നേഹപൂര്‍വ്വം ഉണ്ണി"
അറിയില്ലയെനിക്കീ രശ്മിയെ പിന്നുന്നിയെ.
വീണ്ടുമീത്താളുകളിലൂടെ കൈകള്‍ പരതവേ
കണ്ടു ഞാന്‍ വീണ്ടുമൊരു കുഞ്ഞുവാചകം
"എവിടെയെന്‍ മയില്‍പ്പീലി കുഞ്ഞുങ്ങള്‍"
കയ്യക്ഷരം മനോഹരം, രശ്മിയുടെതാകാം.
ചോദ്യമാരോടെന്നറിയില്ല, പരതിഞാനീ,
പുസ്തകം മുഴുവനും, മയില്‍പ്പീലി കുഞ്ഞിനായ്.
സാദരം ക്ഷമിച്ചീടുക, കണ്ടെത്തിയില്ല ഞാന്‍
ഇനിയവ മാനം കണ്ടു പറന്നു പോയീടുമോ.
രശ്മി, നിന്‍ മയില്‍പ്പീലി കുഞ്ഞുങ്ങള്‍
വാനത്തെ കണ്ടു പറന്നു പോയിരിക്കാം
എങ്കിലോ സങ്കടം വേണ്ട നിന്നുള്ളില്‍
നിനക്കായൊരു മയില്‍പ്പീലിയെന്‍
ഹൃദയത്തില്‍ ഞാന്‍ സൂക്ഷിക്കാം.
ഞാനെന്തിനീവിധം നിനച്ചീടുന്നു?
പോയീടുക നീയെന്‍റെയുള്ളില്‍ നിന്ന്
ഇവിടില്ല നിന്‍ മയില്‍പ്പീലി കുഞ്ഞുങ്ങള്‍
ചോദിക്കൂ നീയുണ്ണിയോട്, നിന്‍റെ
മയില്‍പ്പീലി കുഞ്ഞുങ്ങളെ അവനെടുത്തിരിക്കാം.
ഇനി വേണ്ടയീ പുസ്തകം, തിരിയെ നല്‍കാം
നന്ദിയെന്‍ ഗുരുനാഥാ, തിരിച്ചെടുക്കുക.
അങ്ങുനല്‍കിയതാമീ അറിവിന്‍ പുസ്തകം
നല്‍കിയില്ലറിവെനിക്ക്, നല്‍കിയതോ
ഒരു മയില്‍പ്പീലി കുഞ്ഞിന്‍റെ നഷ്ടബോധം.
തിരികെ സ്വീകരിക്കുകയീ പുസ്തകം
അതിന്‍ വാക്കുകളും, താളുകളും, ജ്ഞാനവും
പോയിടട്ടെയെന്നുള്ളില്‍നിന്നാ ഓര്‍മ്മകള്‍
രശ്മിയും ഉണ്ണിയും പിന്നെമയിപ്പീലികുഞ്ഞുങ്ങളും
നീലാംബരി.
പുതിയ കമന്റുകള്‍