Wednesday 16 november 2011
3
16
/11
/Nov
/2011
11:04
അവിടെ കിടന്ന ഒരു കല്ലെടുത്ത് അയാള്‍ ഒരൊറ്റയേറ്. കാരമരച്ചുവട്ടില്‍ ഇണചേര്‍ന്നു നിന്നിരുന്ന തെണ്ടിപ്പട്ടികള്‍ വേര്‍പെട്ടു. ഏറുകൊണ്ട ആണ്‍പട്ടി നിലവിളിച്ചു കൊണ്ടെങ്ങോട്ടോ
ഓടി. പെണ്പട്ടി ഇച്ഛാഭംഗത്തോടെ അവിടെ നിന്നു. കാരമരച്ചില്ലയില്‍ കൊക്കുരുമ്മിയിരുന്ന രണ്ടു തൂക്കണാംകുരിവികള്‍ പേടിച്ചു പറന്നു
പോയി. അയാള്‍ക്ക് എന്തോ ഒരു സന്തോഷം തോന്നി.
കയ്യിലെ തൂക്കുചോറ്റുപാത്രം കൊണ്ട്, മുള്ളുവേലിയില്‍ ഇണചേര്‍ന്നിരുന്ന
രണ്ടു ചിത്ര ശലഭങ്ങളെ അയാള്‍ അടിച്ചു താഴെയിട്ടു. ഒരെണ്ണം മണ്ണില്‍ കിടന്നു പിടഞ്ഞു, മറ്റേതു വേലിയിലെ മുള്ളില്‍ കുടുങ്ങി പിടഞ്ഞു. തോളില്‍ തൂമ്പയും
കയ്യില്‍ ഒരു തൂക്ക് ചോറ്റുപാത്രവുമായി ആ ഇടവഴിയിലൂടെ അയാള്‍ നടന്നു നീങ്ങി. കടലാവണക്കും കൈതയും, ഇരുവശവും വേലിതീര്‍ത്ത ഇടവഴിയിലൂടെ വീട്ടിലേക്കു നടക്കുമ്പോള്‍, പിണഞ്ഞു കിടന്നിരുന്ന അട്ടകളെ അയാള്‍ ചവുട്ടി അരച്ചു. പല തരത്തിലുള്ള അട്ടകള്‍. അവ അവിടെ ചതഞ്ഞരഞ്ഞു കിടന്നു. വീട്ടു മുറ്റത്തെ മുള്ളുവേലി
എടുത്തുമാറ്റി അയാള്‍ മുറ്റത്തേക്ക് കയറിയപ്പോള്‍, നക്ഷത്രമുല്ലയില്‍ ഇണചേര്‍ന്നിരുന്ന ഓണത്തുമ്പികള്‍ പേടിച്ചു പറന്നുപോയി. അയാള്‍ക്ക് ഒരു വല്ലാത്ത സുഖം തോന്നി. ഒരുതരം വരണ്ട നിര്‍വൃതി.
തൂമ്പ പിന്നാമ്പുറത്തു വെച്ച്, അയാള്‍ കുളിക്കുവാന്‍ കിണറ്റുകരയിലേയ്ക്ക് പോയി. കിണറ്റു കരയിലെ നനവില്‍ പിണഞ്ഞു കിടക്കുന്ന രണ്ടു ചേരകള്‍.
ഒരു കുറുവടിയെടുത്ത് അവയെ തല്ലിച്ചതച്ചു. പാളയില്‍ വെള്ളം കോരി അയാള്‍ തന്‍റെ തലയിലൊഴിച്ചു. അത്താഴം കഴിഞ്ഞു ഒരു ബീഡിയും വലിച്ച ശേഷം അയാള്‍ തന്‍റെ കിടപ്പ്
മുറിയിലേയ്ക്ക് പോയി. കട്ടിലില്‍, മുണ്ടും ബ്ലൌസും ഉടുത്തുമലര്‍ന്നു കിടക്കുന്ന തന്‍റെ ഭാര്യയുടെ അരികിലേയ്ക്ക് അയാള്‍ നുഴഞ്ഞു കയറി. തന്‍റെ കൈപ്പത്തി അവളുടെ മാറിന്‍റെ മുകളില്‍ വെച്ചപ്പോള്‍
അവള്‍ അത് തട്ടിമാറ്റി. വെറുപ്പാര്‍ന്ന മുഖത്തോടെ അവള്‍ തിരിഞ്ഞു കിടന്നു. അയാള്‍ക്ക് നിരാശയും അപമാനവും തോന്നി. ഇച്ഛാഭംഗത്തോടെ അയാള്‍ തന്‍റെ കട്ടിലില്‍ മലര്‍ന്നു
കിടന്നു. അപ്പോള്‍ മുകളിലെ മച്ചില്‍ ഇണചേരുന്ന രണ്ടു പല്ലികളെ അയാള്‍ കണ്ടു.
നീലാംബരി.
By നീലാംബരി
-
Posted in: ചെറുകഥകള്‍
0
പുതിയ കമന്റുകള്‍