Monday 24 october 2011
1
24
/10
/Oct
/2011
12:59
അവര്‍ ഒരു സ്ത്രീ ആയതുകൊണ്ടോ,ഒരു വിധവയായത് കൊണ്ടോ അല്ല ഞാന്‍
വീട്ടുജോലിയ്ക്ക് നിര്‍ത്തിയത്. ഒരു കൊച്ചു പെണ്‍കുഞ്ഞിന്‍റെ അമ്മയായത് കൊണ്ട്. അതുകൊണ്ട് മാത്രം. എന്‍റെ കിടപ്പുമുറി മാസത്തില്‍
ഒരിക്കല്‍ വൃത്തിയാക്കിയാല്‍ മതി എന്ന് ഞാന്‍ പറഞ്ഞു. എനിക്ക് എന്‍റെ കിടപ്പുമുറിയില്‍ ആരും, പ്രത്യേകിച്ച് അന്യസ്ത്രീകള്‍, പ്രവേശിക്കുന്നത് ഇഷ്ടമല്ല. രാവിലെ 7 മണിക്ക്
വന്നിട്ട് വൈകിട്ട് 7 മണിക്ക് പൊക്കോണം. അവര്‍ അത് സമ്മതിച്ചു. മാസം 2000 രൂപയെ ഞാന്‍ തരൂ. അവര്‍ക്ക് അതിനും എതിര്‍പ്പില്ലായിരുന്നു. എല്ലാമാസവും 3000 രൂപ വെച്ച് ഞാന്‍ അവര്‍ക്ക് കൊടുത്തു
പോന്നു.
ആസ്ത്രീയോടു ഞാന്‍ ഒരു അടുപ്പവും കാണിച്ചില്ല. ആ സ്ത്രീയോടെന്നല്ല ഒരു സ്ത്രീയോടും. എനിക്ക് എന്നും ഒറ്റയ്ക്കായിരിയ്ക്കുന്നതാണ് ഇഷ്ടം. ആരുമില്ലാതെ
ഒറ്റയ്ക്ക്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ, ഒറ്റയ്ക്ക്. ഉമ്മറത്ത് ചാരുകസേരയില്‍ എഴുതി പൂര്‍ത്തിയാക്കേണ്ട പുതിയ കവിതകളെ പറ്റി
ചിന്തിച്ചു ഞാനിരിക്കുമ്പോള്‍, അവര്‍ എന്‍റെ മുന്നില്‍ വന്നു നിന്നു. "ഇവിടെ ജോലിയില്ലായിരുന്നെങ്കില്‍
ഞാനും എന്‍റെ കുഞ്ഞും പട്ടിണി കിടന്നു മരിച്ചേനെ" അവര്‍ പറഞ്ഞു. "വ്യക്തിപരമായ കാര്യങ്ങള്‍ പറയുന്നതും കേള്‍ക്കുന്നതും എനിക്കിഷ്ടമല്ല". ഞാന്‍ തിരിച്ചു പറഞ്ഞു. അവര്‍ കുറച്ചു
നിമിഷം തല കുമ്പിട്ടു നിന്ന ശേഷം അകത്തേയ്ക്ക് പോയി.
"നാളെ മുതല്‍ ഞാന്‍ എന്‍റെ കുഞ്ഞിനെ ഇവിടെ കൊണ്ടുവന്നോട്ടെ, അവള്‍ ഒരു ശല്യവും ഉണ്ടാക്കില്ല സര്‍". അവര്‍ എന്‍റെ മുന്നില്‍ നിന്നു വല്ലായ്മയോടെ എന്‍റെ മുഖത്തേയ്ക്കു
നോക്കി ചോദിച്ചു. ഞാന്‍ അവരുടെ ചോദ്യം കേട്ടതായി ഭാവിച്ചില്ല. "സര്‍" അവര്‍ വീണ്ടും വിളിച്ചു. "പോയി കുറച്ചു ചായ കൊണ്ട് വരൂ" ഞാന്‍ അവരുടെ മുഖത്ത് നോക്കാതെ നീരസത്തോടെ പറഞ്ഞു.
ചായ ഞാന്‍ മൊത്തിക്കുടിച്ചു കൊണ്ടിരുന്നപ്പോഴും അവര്‍ എന്‍റെ മുന്നില്‍ തല കുമ്പിട്ടു നിന്നു. "നിങ്ങളുടെ കുഞ്ഞിനു എത്രവയസു...", 3 വയസും 2
മാസവും 12 ദിവസവും". എന്റ്റെ ചോദ്യം തീരുന്നതിനു മുന്‍പ് അവര്‍ മറുപടി പറഞ്ഞു. "ജാതക കണക്കൊന്നും ഞാന്‍ ചോദിച്ചില്ല, വൃത്തിയുള്ള കുഞ്ഞാനെങ്കില്‍ കൊണ്ടുവന്നോളു. ശല്യമാണെങ്കില്‍ എനിക്ക്
നിങ്ങളെ പറഞ്ഞു വിടേണ്ടി വരും". "ശല്യമാകില്ല സര്‍, ശല്യമാകില്ല". ആശ്വാസത്തോടെ അവര്‍ അകത്തേയ്ക്ക് പോയി.
അവര്‍ അന്ന് ഒരു കുഞ്ഞുമായി എന്‍റെ വീട്ടില്‍ വന്നു. മുഷിഞ്ഞ ഉടുപ്പിട്ട കണ്മഷി വാരിയെഴുതിയ ഒരു കുഞ്ഞ്. "കാദംബരി,
എന്‍റെ കുഞ്ഞാണ് സര്‍" അവര്‍ പറഞ്ഞു. "പോയി അകത്തെ പണിയെന്തെങ്കിലും ചെയ്യ്" ഞാന്‍ വായനയില്‍ മുഴുകി. ആ കുഞ്ഞു എന്‍റെ വീട്ടിലെ
എല്ലാ മുറികളിലൂടെയും ഓടി നടന്നു. എന്‍റെ മഷിക്കുപ്പി മറിച്ചിട്ടു. ഗ്ലാസുകള്‍ പൊട്ടിച്ചു. പത്രം വലിച്ചു കീറി.
"നിങ്ങള്‍ ഇനി ഇവിടെ ജോലിയ്ക്ക് വരണ്ട" ഞാന്‍ അവരോടു പറഞ്ഞു. "അവര്‍ ദയനീയമായി എന്നെ നോക്കി. അവരും കാദംബരിയും എന്നെ ദയനീയമായി നോക്കി. എനിയ്ക്ക് ആദ്യമായി ഒരു സ്ത്രീയോട്
സഹതാപം തോന്നി.
അവര്‍ എന്‍റെ മുറി വൃത്തിയാകാന്‍ കയറുന്ന ദിവസങ്ങളില്‍ എന്‍റെ മുറിയില്‍ നിന്നു 100 വീതം കളവുപോകുന്നതായി എനിക്ക് മനസിലായി.
ഒരിക്കല്‍ ഞാനത് ഒളിച്ചു നിന്നു കാണുകയും ചെയ്തു. അവര്‍ പണം മോഷ്ടിക്കുന്നതിന്‍റെ പിറ്റേ ദിവസം കാദംബരി ഒരു പുതിയ ഉടുപ്പ് ഇട്ടു വരുന്നതിനാല്‍ ഞാന്‍
അവരോടു ഒന്നും ചോദിയ്ക്കാന്‍ നിന്നില്ല. മാസത്തില്‍ ഒരു നൂറു രൂപ പോയാല്‍ എനിക്കെന്താകാന്‍. എന്നാലും എന്‍റെ വരവുചിലവ് കണക്കു പുസ്തകത്തില്‍ ഞാന്‍ ഒരു വരികൂടി സ്ഥിരമായി
എഴുതിച്ചേര്‍ത്തു, "മോഷണം പോയത്: 100 രൂപ".
കാദംബരി എന്‍റെ ജീവിതത്തിന്‍റെ ഭാഗമായിത്തീര്‍ന്നു. അവള്‍ വന്നില്ലങ്കില്‍ എനിയ്ക്ക് അന്ന് ഒരു വല്ലായ്മ പോലെ തോന്നും. അവള്‍ ഒന്ന് ഒച്ചയും ബഹളവും ഒക്കെ എടുക്കുമ്പോള്‍
എനിക്ക് ഒരു സുഖം. അവള്‍ക്കു പൊട്ടിക്കാന്‍ പാകത്തില്‍ ഞാന്‍ മഷിക്കുപ്പികള്‍ മേടിച്ചു വെച്ചു. എങ്കിലും ഒന്നുപോലും അവള്‍ പൊട്ടിച്ചില്ല. "എനിയ്ക്കും ഒരു കാദംബരി ഉണ്ടായിരുന്നെങ്കില്‍",
ഛെ, ഞാനെന്താ ഈ ആലോചിക്കുന്നത്" ഞാന്‍ എന്നെ ശാസിച്ചു.
എനിയ്ക്ക് സ്ഥലം മാറ്റം ആയതു അവരോടു ഞാന്‍ എങ്ങനെ പറയും എന്ന് ആലോചിച്ചു ഞാന്‍ വിഷമിച്ചു. ഞാനത് പറഞ്ഞപ്പോള്‍ അവരൊന്നും മിണ്ടാതെ തലകുനിച്ചു നിന്നു. നാളെ മുതല്‍ വരണ്ട
എന്ന് പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. നാളെ മുതല്‍ കാദംബരിയും വരില്ല. എനിയ്ക്ക് ജീവിതത്തില്‍ ആദ്യമായി ആരൊക്കെയോ ഉള്ളത് പോലെ തോന്നി. ആതോന്നലിനു ഒരു സുഖവും.
ഞാന്‍ രാവിലെ പോകുവാന്‍ തയാറായി. എന്‍റെ പുസ്തകങ്ങളും വസ്ത്രങ്ങളും എടുത്തു കാറില്‍ വെച്ചു. താക്കോല്‍ ഉടമയുടെ കയ്യില്‍ കൊടുത്തു ഞാന്‍ ഒന്ന് കൂടെ തിരിഞ്ഞു
നോക്കി. ഞാന്‍ നട്ടുവളര്‍ത്തിയ ചെടികള്‍. ഞാന്‍ നടന്ന മുറ്റം. ഇനി ഞാനിവിടെ വരില്ല. ഞാന്‍ കാറില്‍ കയറി. ഇടവഴിയിലൂടെ കാര്‍ മെല്ലെ മുന്നോട്ടു നീങ്ങി. അവര്‍, കൂടെ കാദംബരിയും.
എനിയ്ക്ക് ആശ്വാസമായി. ഒരു കാര്യം ബാക്കിയുണ്ടായിരുന്നു. കാര്‍ നിര്‍ത്തി ഞാന്‍ അവരുടെ അടുത്തേയ്ക്ക് ചെന്നു. അവരുടെ കണ്ണിലെ ദയനീയത എന്നെ നടുക്കി. കാദംബരിയുടെയും. ഞാന്‍ എനെ കയ്യിലിരുന്ന പൊതി
അവരുടെ കയ്യിലേക്ക് നീട്ടി. "അടുത്ത ഒരു വര്‍ഷത്തെ ശമ്പളം ഇതിലുണ്ട്". ഞാന്‍ മടങ്ങി വരും. അടുത്തവര്‍ഷം. വരാതിരിക്കാനെനിക്കു കഴിയില്ല. അവര്‍ മെല്ലെ പുഞ്ചിരിച്ചു. വേദനയുടെ പുഞ്ചിരി.
ഞാന്‍ തിരിച്ചു കാറിലേയ്ക്കു കയറാന്‍ തുടങ്ങിയപ്പോള്‍, അവര്‍ വിളിച്ചു "സര്‍". ഞാന്‍ തിരിഞ്ഞു നിന്നു. മുഷിഞ്ഞ കുറച്ചു നൂറു രൂപ നോട്ടുകള്‍ അവര്‍ എന്‍റെ നേരെ നീട്ടി. "ഇത് ഞാന്‍ സാറിന്‍റെ മുറിയില്‍ നിന്നു മോഷ്ടിച്ചതാണ്". അവര്‍ ആ പണം എന്‍റെ കയ്യില്‍ വെച്ചു തന്നു. മെല്ലെ നടന്നു. അവരുടെ കൈപിടിച്ച്
കാദംബരിയും. കാര്‍മുന്നോട്ടു നീങ്ങി. ഉള്ളില്‍ കൊളുത്തി വലിയ്ക്കുന്ന വേദനയാല്‍ ഞാന്‍ പിന്നോട്ട് നോക്കിയപ്പോള്‍ ഞാന്‍ കണ്ടു, ദൂരെ,
പിന്നിലേയ്ക്ക് എന്നെ തിരിഞ്ഞു നോക്കുന്ന കാദംബരി.
നീലാംബരി.