Tuesday 24 march 2009
2
24
/03
/Mar
/2009
04:30
"നല്ല ഒരു സ്ത്രീ" അതാണ് അവളെ കണ്ടപ്പോള്‍ അയാള്‍ക്ക് തോന്നിയത്. സുന്ദരിയാണ്. വിവാഹിതയാണെന്നു തോന്നുന്നു. നാലോ അഞ്ചോ വയസുള്ള ഒരു പെണ്‍കുട്ടി ചിലപ്പോള്‍ കൂടെ കാണും.
അയാള്‍ പ്രഭാത സവാരിയ്ക്കിറങ്ങുമ്പോള് അവള്‍ എവിടെ നിന്നോ തിരിച്ചു വരുന്നത് കാണും. അവളുടെ വീട് കണ്ടു. ഇടിഞ്ഞു വീഴാറായ ഒരു കുടില്‍. ആകെ ദാരിദ്ര്യം. അവളുടെ കുലീനത്വം കണ്ടാല്‍ ഇത് അവളുടെ വീടാണെന്നു
പറയില്ല. അവളുടെ ഭറ്ത്താവു തളര്‍ന്നു കിടക്കുകയാണെന്നു അറിഞ്ഞു. അയാള്‍ക്ക് വല്ലാതെ വിഷമം തോന്നി. അവളുടെ ജോലി എന്തെന്നോ എവിടേയ്ക്ക് പോകുന്നു എന്നോ അയാള്‍ക്ക് അറിയാന്‍ കഴിഞ്ഞില്ല. ചിലപ്പോള്‍ കാറില്‍
വന്നിറങ്ങും, ചിലപ്പോ കാറില്‍ കയറി പോകും. അവളുടെ കുട്ടി ഒത്തിരി സുന്ദരി ആയിരുന്നു, അവളെ പോലെ. എന്തിനാണ് അവളെ നോക്കി ആളുകള്‍ പല്ലിളിക്കുന്നത്, എന്തിനാണ് അവളെ നോക്കി ചിലര്‍ അഴുക്കു കമന്റുകള്‍
പറയുന്നത്. അയാള്‍ക്ക് വല്ലായ്മ തോന്നി. സ്ത്രീകള്‍ കാഴ്ചയ്ക്ക് നല്ലതാണെങ്കില് സമൂഹത്തിനു ഒരു തരം ചൊറിച്ചിലാണ് അയാള്‍ ഓര്‍ത്തു. അവള്‍ അയാളെ കാണുമ്പോള്‍ പുഞ്ചിരിക്കുമായിരുന്നു. കുലീനമായ, മനോഹരമായ ഒരു
പുഞ്ചിരി. ഒരിയ്ക്കല്‍ പട്ടണത്തിലെ തിരക്കുള്ള വഴിയില്‍ വെച്ച് അവളെ കണ്ടു. അയാള്‍ അവളെ നോക്കി പുഞ്ചിരിച്ചു എങ്കിലും അവളുടെ ഭാഗത്ത് നിന്ന് ഒരു പ്രതികരണം ഉണ്ടായില്ല. എവിടേയ്ക്ക് പോകുന്നു എന്ന്
ചോദിച്ചപ്പോള്‍ അയാളെ അറിയാത്ത പോലെ അവള്‍ കടന്നു പോയി. അന്ന് സന്ധ്യക്ക് വിജനമായ ആ ഇടവഴിയില്‍ വച്ച് അവളെ കണ്ടു. അയാള്‍ വരാന്‍ അവള്‍ കാത്തു നില്‍ക്കുകയായിരുന്നു. അവള്‍ അയാളോട് പറഞ്ഞു, " എന്റെ പേര്
ശാന്തി. ഞാന്‍ ഒരു വേശ്യയാണ്. കുടുംബം പുലറ്ത്താന് ആ തൊഴില്‍ ചെയ്യുന്നു. നിങ്ങള്‍ ദയവായി നാലുപേരുടെ മുന്നില്‍ വെച്ച് എന്നെ നോക്കുക പോലും ചെയ്യരുത്. നിങ്ങള്‍ വളരെ നല്ല മനുഷ്യനാണ്. എന്നെ നോക്കി
പുഞ്ചിരിച്ചാല്‍ ആളുകള്‍ നിങ്ങളെ തെറ്റി ധരിയ്ക്കും. നിങ്ങളുടെ പേര് ചീത്തയാകും. എനിയ്ക്ക് നിങ്ങളോട് അത്രയ്ക് ബഹുമാനമാണ്. കാരണം ആ നാട്ടില്‍ എന്നോട് മോശമായി പെരുമാറാത്ത ഏക വ്യക്തി നിങ്ങളാണ്. " അവള്‍
നടന്നകന്നു... ആ ഇട വഴിയില്‍ ഏകനായി അവള്‍ നടന്നകലുന്നതും നോക്കി അയാള്‍് നിന്നു.
നീലാംബരി.
By നീലാംബരി
-
Posted in: ചെറുകഥകള്‍
2
Monday 23 march 2009
1
23
/03
/Mar
/2009
06:37
ആ വലിയ പാല മരത്തിനടുത്തുള്ള നിരപ്പായ നിലം അടിച്ചു വൃത്തിയാക്കി, അല്പം പോലും പൊടി ഇല്ല എന്ന് ഉറപ്പു വരുത്തി. തോള്‍ സഞ്ചിയില്‍ നിന്ന് , കൊണ്ടുവന്ന 5 തരം ചായങ്ങള്‍
അയാള്‍ വലിയ ഒരു പനയോലയിലേയ്ക്ക് പകര്‍ന്നു.. വല്ലാതെ വിയറ്ക്കുന്നുണ്ടായിരുന്നു... കളം എഴുതി തുടങ്ങുന്നതിനുമുന്പ് ഒന്ന് തൊഴണം, എന്തോ മനസിന് ഒരു ഉറപ്പില്ലാത്ത പോലെ... ഇത് വരെ ഇല്ലാത്ത പോലെ,
ഭദ്രകാളിയുടെ ചിത്രം തന്നെ വല്ലാതെ ഭയപ്പെടുത്തുന്നു... ഇന്ന് സന്ധ്യയ്ക്കൂള്ള കളമെഴുത്ത് പാട്ടില്‍ താന്‍ വരച്ച കാളിയുടെ കോലം ചിതറി തെറിച്ച് ഇല്ലാതാവുന്നത് അയാള്‍ ഭാവനയില്‍ കണ്ടു..
"ന്റെ മഹാമായേ അവളെന്താ ഇനിയും വരാതെ..." അയാള്‍ തൊഴുതു.
ഓരോ കാളിക്ഷേത്രത്തിലും താന്‍ കോലം വരയ്കുമ്പോ അവള്‍ വരുമായിരുന്നു... തന്നെയും നോക്കി... എന്ത് ചൈതന്യമായിരുന്നു അവള്‍ക്കു... കസവ് കരയുള്ള സാരിയും , ചുവന്ന ചെമ്പകപ്പൂക്കളും ചൂടി ദൈവീകമായ ഒരു
സുഗന്ധത്തോടു കൂടി അവള്‍.. അവളുടെ കണ്ണുകള്‍ക്ക് ഒരു വശ്യത ഉണ്ടായിരുന്നു.. എന്ത് കൊണ്ടാണ് താന്‍ ഒഴിച്ച് മറ്റാരും അവളെ കാണാത്തത് .. കാളിയുടെ കോലത്തിന്റെ അവസാന നുള്ള് പൊടി വിതറുമ്പോള്‍
അവള്‍ എവിടെയ്ക്കാണ് മറയുന്നത്... എന്തിനാണ് അവള്‍ തന്നെ പിന്തുടരുന്നത്... അയാള്‍ക്ക് അറിയില്ലായിരുന്നു..
വിറയ്ക്കുന്ന കൈകളോടെ രക്ത വര്‍ണമുള്ള ആ പൊടി അയാള്‍ എടുത്തു. കോലം വരച്ചുതുടങ്ങി.. അതാ അവള്‍ മുന്നില്‍...മെല്ലെ അവളുടെ രൂപം തെളിഞ്ഞു വരുന്നു.. പാലപ്പൂവിന്റെ തീവ്ര ഗന്ധം. മുടിനിറയെ രക്ത വര്‍ണമുള്ള
ചെമ്പകപ്പൂക്കള്‍ . പതിവുതെറ്റിച്ച്, ഇന്ന് അവളുടെ ഇടതുകാലില്‍ ഒരു സ്വറ്ണ ചിലമ്പ്.. അയാള്‍ കാളിയുടെ കോലം വേഗം തന്നെ വരച്ചു തീര്‍ത്തു.. ചോരയൊഴുകുന്ന ദംഷ്ട്രകള് ഇന്ന് താന്‍ മനോഹരമായി വരച്ചിരിക്കുന്നു
എന്ന് അയാള്‍ ഓര്‍ത്തു.
കോലത്തിനരികെ 6 പേരിരുന്ന് പാട്ടു പാടി തുടങ്ങി... തേങ്ങുന്ന ഒരു നന്തുണി.. വിതുമ്പുന്ന ഇലത്താളം..
അവളുടെ പിന്നാലെ ഏതോ ആകറ്ഷണത്തില് പെട്ട്, അയാള്‍ ആളുകളെ വകഞ്ഞ് മാറ്റി നടന്നു. അവള്‍ നടന്നു കയറിയ സറ്പ്പകാവിലെയ്ക്ക് അയാളും ചെന്നു. നാഗങ്ങളുടെ അരികില്‍ അതാ അവള്‍ ഇരിക്കുന്നു.. തന്റെ നേരെ ഇരുകൈകളും
നീട്ടി.. ആലിംഗനത്തിനായി.. അല്പം മഞ്ഞള്‍ പൊടി നാഗത്തിന്റെ മുന്നില്‍ നിന്ന് എടുത്തു അയാള്‍ അവളുടെ നെറ്റിയില്‍ കുറിവരച്ചു.. കയ്യില്‍ പറ്റിപ്പിടിച്ചിരുന്ന ചുവപ്പ് പൊടി അവള്‍ക്കു സിന്ധൂരമായി...
തേങ്ങുന്ന നന്തുണിയെയും , നിശബ്ദരായ നാഗങ്ങളെയും സാക്ഷിയാക്കി അയാള്‍ അവളെ കെട്ടിപ്പുണറ്‍ന്നു... ചാറി വീഴുന്ന ആ മഴയില്‍ അവളുടെ സിന്ദൂരം അയാളുടെ മാറിലേയ്ക്കു ഒഴുകിയിറങ്ങി.
മെല്ലെ മെല്ലെ ഒരു മൂടല്‍ മഞ്ഞു പോലെ അവള്‍ ആ നാഗശില്പങ്ങളിലെയ്ക്ക് അലിഞ്ഞു ചേറ്‍ന്നപ്പോ, കരിനീല നിറത്തില്‍, ചേതനയറ്റ അയാളുടെ ശരീരം ആ കാവില്‍ കിടക്കുകയായിരുന്നു.. മഴയില്‍ കുതിറ്ന്നു.. അപ്പോഴും
നന്തുണി തേങ്ങുകയായിരുന്നു..
നീലാംബരി.
By നീലാംബരി
-
Posted in: ചെറുകഥകള്‍
1
Wednesday 18 march 2009
3
18
/03
/Mar
/2009
06:37
ഭരതന്റെ റബ്ബറ് തോട്ടത്തിന്റെ കയ്യാല ചാടിക്കടന്നു പൂച്ചപ്പഴം പറിച്ചു തിന്നുക, അത്രയും സുഖം ഉള്ള മറ്റൊരു ജോലിയും ഈ ലോകത്തിലില്ല. എട്ടാമത്തെ വയസിലാണ്‍് അയാള്‍ ആദ്യമായി
കയ്യാല ചാടി പൂച്ചപ്പഴം പറിച്ചു തിന്നത്... കുഞ്ഞു ചെടിയില്‍ ഇങ്ങനെ വെളുത്തു കുലപോലെ തൂങ്ങികിടക്കുന്ന പൂച്ചപ്പഴം അന്നേ അയാളുടെ മനസ്സില്‍ സ്ഥാനം പിടിച്ചു. മുന്തിരിക്കുലപോലെ അങ്ങനെ കിടക്കുന്ന
പഴങ്ങള്‍.. പത്താംക്ലാസ് കഴിഞ്ഞ അവധിയില്‍ സ്ഥിരമായി അയാള്‍ ഭരതന്റെ റബ്ബറ് തോട്ടത്തിലായിരുന്നു. പ്രീഡിഗ്രീ പഠിച്ചപ്പോഴും ഡിഗ്രി പഠിച്ചപ്പോഴും റബ്ബറ് തോട്ടത്തിലേക്കുള്ള അയാളുടെ യാത്രകള്‍് തുടറ്ന്ന്
പോന്നു... കാരണം പൂച്ചപ്പഴങ്ങള്‍് അയാളുടെ ജീവനായിരുന്നു.. ജോലി കിട്ടി നാട്ടില്‍ നിന്ന് പോന്നപ്പോ അയാള്‍ക്ക് വലിയ നിരാശ തോന്നി...ആ പഴങ്ങള്‍ വേറെ ആരെങ്കിലും തിന്നു തീറ്ക്കുമോ? ഏതായാലും ജോലികിട്ടി
കുറച്ചു കാലം കഴിഞ്ഞപ്പോ അയാള്‍ തന്റെ ചിരകാലസ്വപ്നമായിരുന്ന ഭരതന്റെ റബ്ബറ്‍ത്തോട്ടം തീവിലയ്ക്ക് വാങ്ങി...ഉദ്ദേശം മറ്റൊന്നായിരുന്നില്ല.. റബ്ബറ്ത്തോട്ടം അയാള്‍ അമ്മാവനെ ഏല്പിച്ചു. നോക്കിക്കൊള്ളണേ
എന്നൊരു അപേക്ഷയും. അമ്മാവന്‍ നന്നായിട്ട് തന്നെ നോക്കി.. നാട്ടില്‍ അവധിയ്ക്ക് വന്നപ്പോ..തുടിക്കുന്ന ഹൃദയത്തോടെ അയാള്‍ തന്റെ തോട്ടത്തിലേക്ക് ഓടി.. റബ്ബറ് തോട്ടം ദാ മണ്ണൊക്കെ എടുത്തു വെടിപ്പായി
കിടക്കുന്നു.. "ഇനി നീ ഇവിടെ ഒരു വീട് വെയ്ക്കേണ്ട കുറവേ ഉള്ളു"..പുറകില്‍ നിന്ന് അമ്മാവന്റെ സ്വരം. പൂച്ചപ്പഴങ്ങളോടൊപ്പം താനും ഇവിടെ ഈ മണ്ണിനടിയില്‍ അടക്കപ്പെട്ടിരുന്നെങ്കില്‍ എന്ന് അയാള്‍ അപ്പോള്‍
ആശിച്ചുപോയി...
നീലാംബരി
By നീലാംബരി
-
Posted in: ചെറുകഥകള്‍
4
Tuesday 17 march 2009
2
17
/03
/Mar
/2009
07:13
അയാള് നല്ല ഒന്നാന്തരം പുകവലിക്കാരനായിരുന്നു. അയാള്‍ വലിച്ചിരുന്നത് പോലെ ആ പഞ്ചായത്തില്‍ ആരും പുകവലിച്ചിരുന്നില്ല. നല്ല ഒന്നാന്തരം കാജ ബീഡിയോടായിരുന്നു ആയിരുന്നു
അയാളുടെ സ്നേഹം.പുകവലിയില്‍ നിന്ന് അയാളെ മോചിപ്പിക്കാന്‍ എല്ലാവരും പരിശ്രമിച്ചു.
ആദ്യം സര്‍ക്കാരു : പുകവലി ആരോഗ്യത്തിനു ഹാനികരം. സര്‍ക്കാരു അയാള്‍ക്ക് വേണ്ടി പ്രസ്താവന ഇറക്കി.
" പോയി പണി നോക്കാന്‍ പറ" അയാള്‍ പ്രതികരിച്ചു.
പിന്നീട് സുഹൃത്തുക്കള്‍ : നീ ക്ഷയം വന്നു ചത്ത് പോകും..
"ഓ ഞാന്‍ അങ്ങ് സഹിച്ചു" അയാള്‍ പ്രതികരിച്ചു.
സമുദായ നേതാവ് : താന്‍ പുകവലി നിറുത്തിക്കോണം.
"താനാരാ ഇവിടത്തെ രാജാവോ" അയാള്‍ ദേഷ്യപ്പെട്ടു.
അവസാനം പറയേണ്ട ആള്‍ പറയേണ്ട പോലെ പറഞ്ഞു...അയാളുടെ ഭാര്യ.
" ബീഡി വലിച്ചിട്ടു എന്റെ കൂടെ കെടക്കാന്‍ വരണ്ട. മുറിക്കു പുറത്തു കെടന്നോണം".
അയാള്‍ ഒന്നും പറഞ്ഞില്ല... ബീഡി വലിക്കണോ അതോ അവളുടെ കൂടെ കിടക്കണോ, അയാള്‍ തീവ്രമായി ആലോചിച്ചു. ഈ ജന്മത്തില്‍ ഒരേ ഒരു ദുശീലം മാത്രം ഇനി മതി എന്ന് തന്നോടു തന്നെ പറഞ്ഞിട്ട് അയാള്‍
പുകവലിനിറുത്തി.
By നീലാംബരി
-
Posted in: ചെറുകഥകള്‍
1
Tuesday 17 march 2009
2
17
/03
/Mar
/2009
05:10
"നിങ്ങളുടെ അസുഖത്തിന്റെ പേര് ക്ലെപ്ടോമേനിയ എന്നാണ് ". സൈക്യാട്രിസ്ട് അയാളോട് പറഞ്ഞു. "ആധുനിക മനശാസ്ട്രത്തില് ഇതിനു പ്രതിവിധി ഉണ്ട് . നിങ്ങള്‍ ഭയപ്പെടേണ്ടാ". അയാള്‍
വിങ്ങിപ്പൊട്ടി പറഞ്ഞു. " ഡോക്ടര്‍, ഞാന്‍ എവിടെ ചെന്നാലും എന്തേലും മോഷ്ടിക്കും, സ്പൂണുകള്‍, മൊട്ടുസൂചി, പ്ലാസ്റ്റിക് കപ്പുകള്‍ അങ്ങനെ വിലകുറഞ്ഞ എന്തും. എന്റെ കൂടെ ആരും ഇപ്പൊ ഒരിടത്തും വരില്ല.
എനിക്കിതു നിയന്ത്രിക്കാനാവുന്നില്ല ഡോക്ടര്‍. ഞാന്‍ അറിയാതെ മോഷ്ടിച്ച് പോകുന്നു. മോഷ്ടിച്ച് കഴിഞ്ഞാല്‍ എനിക്ക് സഹിക്കാനാവാത്ത കുറ്റബോധം ഉണ്ടാകും.ആ വേദന എന്നെ തകറ്ക്കുന്നു ഡോക്ടര്‍. എന്നെ രക്ഷിക്കൂ"
അയാള്‍ പൊട്ടിക്കരഞ്ഞു.
അങ്ങനെ നീണ്ട 6 മാസത്തെ ചികിത്സ.
അയാള്‍ വളരെ സന്തോഷവാനായി കാണപ്പെട്ടു."ഇപ്പോള്‍ എങ്ങനെ ഉണ്ട്?" ഡോക്ടര്‍ ചോദിച്ചു. "ഡോക്ടര്‍ , ഇപ്പോള്‍ മോഷ്ടിക്കുമ്പോ പണ്ടത്തെ പോലെ എനിയ്ക്ക് കുറ്റബോധം ഉണ്ടാകാറില്ല. ഞാന്‍ വളരെ ഏറെ സന്തോഷവാനാണ്"...
"നിങ്ങളുടെ അസുഖം ഭേദമായിരിക്കുന്നു. ഇനി ചികിത്സ ആവശ്യമില്ല" . അയാള്‍ സന്തോഷത്തോടെ പോയി. ഒരു രോഗിയെക്കൂടി മനുഷ്യനാക്കി എന്ന്‍ ആശ്വസിച്ചു കൊണ്ട് ഡോക്ടര്‍ അടുത്ത ആളെ വിളിച്ചു.. ചികിത്സിക്കാന്‍
.....
By നീലാംബരി
-
Posted in: ചെറുകഥകള്‍
3
പുതിയ കമന്റുകള്‍